ചവറ: കെഎംഎംഎല്‍ കമ്പനിക്ക് വടക്കുഭാഗത്തായി കമ്പനി ഏറ്റെടുത്ത സ്ഥലത്ത് റോഡിന് വശങ്ങളിലായി മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇവിടങ്ങളില്‍ ബന്ധപ്പെട്ടവർ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇടവട്ടയില്‍ റോഡിന് കിഴക്കുഭാഗത്ത് ആയിട്ടാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവാക്കുന്നത്. വീടുകളിലെ ആഘോഷ പരിപാടികളിലെ ഭക്ഷണ അവശിഷ്ടങ്ങളാണ് കഴിഞ്ഞദിവസം റോഡില്‍ തള്ളിയത്.
ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ മാലിന്യം റോഡിലേക്ക് തള്ളിയ സംഭവം ഉണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളും കാടുകയറി കിടക്കുന്ന സ്ഥിതിയാണ്. ഇതിന് നടുവിലൂടെയുള്ള പൊതു റോഡിന് സമീപത്തായിട്ടാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത്.
ഇവിടെ സിസിടിവി സ്ഥാപിച്ചാല്‍ മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടങ്ങളില്‍ തെരുവ് നായ്ക്കളുടെശല്യവും രൂക്ഷമാണ്.